•കൂട്ട്•
നാളെ മരിക്കുന്നതിന് മുമ്പ്
ഒരു കവിത കൂടി എഴുതും.
കഴുത്തിൽ പാമ്പിന്റെ മണമുള്ള
പൂക്കൾ പച്ചകുത്തിയ
മനുഷ്യൻ അതിന് കൂട്ടിരിക്കും.
//Caption//
-
#തണുപ്പ്
ഞാൻ മരിച്ചതാണോ എന്നവർ ചോദിച്ചു. മറുപടി കൊടുത്തില്ല.
മുറിയിൽ വീണ ഇത്തിരി വെയിൽ വെട്ടത്തിലൂടെ ഒരു കട്ടുറുമ്പ് ഓടി പോകുന്നുണ്ടായിരുന്നു. ഞാൻ അതിനെ മാത്രം നോക്കിയിരുന്നു. ഞാൻ ശ്രദ്ധിക്കുന്നില്ല എന്നായപ്പോൾ അവർ എന്തോ പറഞ്ഞു മുറുമുറുത്തു. അത് കേട്ടിട്ടാവണം ഉറുമ്പ് പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി, എന്നിട്ടാ വെയിലിൽ തന്നെ അപ്രത്യക്ഷമായി. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി. എന്തുവന്നാലും ഞാൻ മരിച്ചിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു, ഇന്നലെ രാത്രി കൂടി എന്റെ കരച്ചിൽ ഞാൻ കേട്ടതായിരുന്നല്ലോ.ഇനി ഇന്നു മരിച്ചു കാണുമോ? ഏയ് ഇല്ല. രാവിലെ കുളിച്ചതിന്റെ ഓർമയുണ്ടല്ലോ, ഷാംപൂ മണം മുടിയിൽ ഇപ്പോഴുമുണ്ട്. എന്റെ നനഞ്ഞ മുടിഴിയകളെ ഇഷ്ടപ്പെട്ടിരുന്ന മൂന്നാമത്തെ കാമുകനെ കുറിച്ച് അപ്പോൾ ഓർക്കുകയും ചെയ്തതാണല്ലോ. ഇനി ആ ഉറുമ്പിനെ നോക്കിയിരുന്നപ്പോഴെങ്ങാനും..? അപ്പോഴേക്കും നെറ്റിയിലെ വിയർപ്പുത്തുള്ളികൾ തണുത്തുറയാൻ തുടങ്ങുന്ന പോലെ തോന്നി. ഒരുൾക്കിടിലം പോലെ ഞാൻ വെട്ടി വിറച്ചു. അവസാനമായി ഓർത്തത് കുട്ടിക്കാലത്തു അമ്മ പറഞ്ഞു തരാറുണ്ടായിരുന്ന ഒരു കഥയായിരുന്നു. ശരീരത്തിൽ മഞ്ഞുകാലം വരാൻ കാത്തിരുന്ന പെണ്ണിന്റെ കഥ......
-
എത്ര ദൈന്യമാം നോവിനേം
അത്രമാത്രം മുറുകെ പുണരുവാൻ ,
ഇന്നോളം ഉതിർന്നു മറഞ്ഞ -
ഓരോ കണ്ണുനീരിനെയും
കുട ചൂടിച്ചു നിർത്തുവാൻ,
അത്രയും വീര്യമുള്ള വീഞ്ഞാവ്‌മെൻ
മുത്തുമണി സ്വപ്‌നങ്ങൾ-
•അറിയാൻ വൈകിയത്•
ഒരു രാത്രിയിൽ പുതച്ചുറങ്ങിയ
തണുപ്പിനുപോലും എന്നോട്
കുറ്റബോധമായിരുന്നു,
പിന്നീടാണറിഞ്ഞത്...
അപ്പോഴേക്കും ശരീരത്തിൽ
നൂറു രോമാഞ്ചങ്ങൾ
കെട്ടുപിണഞ്ഞു പോയിരുന്നു.
ഇക്കിളിപ്പെട്ട് ചിരിച്ചതിപ്പോഴും
പിൻകഴുത്തിൽ മായാതെയുണ്ട്
അതിൽ, ഉറുമ്പരിക്കുന്ന വേദന
ഒരു ലഹരിപോലെ പിന്തുടരുന്നു.
/Caption/-
•വാടകക്കാരൻ•
തുന്നിക്കെട്ടിയ വീടുമായി
ഞാനിരുന്നു
വഴിപോക്കനെ പോലൊരാൾ
വീട് ചോദിച്ചു
ദീർഘകാലത്തേക്കാണെന്ന്
മോഹിപ്പിച്ചു
ഞാൻ ആശ്വാസിച്ചു,
വാടക ചോദിച്ചാരോടും
ഇനി മുഷിയേണ്ടല്ലോ.
സ്ഥിരതാമസക്കാരനെ
പോലെ ഓരോ മുറിയിലും
നടന്നു,
ഹൃദയം കൊണ്ടോരൊന്നും സ്പർശിച്ചു
ഞാൻ ആനന്ദിച്ചു,
കാത്തിരുന്നത് നന്നായി.
Caption-
:ആവർത്തനം:
ഞാൻ ഇറങ്ങി നടന്നു
ദുഃഖം
ആവർത്തനം
കടൽ കാക്കയുടെ
അതേ ഉപ്പുരസം.
ഉള്ളിൽ നുരയുന്ന
ഒരു കുടം വെറുപ്പ്,
കാലിൽ
ഞണ്ടിറുക്കിയതിന്റെ
വിങ്ങൽ.
ദൂരേ എവിടെയോ
ചെറു പ്രാണികൾ
പാതി തിന്നു മടുത്ത
മനസ്സിന്റെ മിടുപ്പ്.
എനിക്കിത്തിരി നിസ്സഹായത
പുതച്ചുറങ്ങാൻ തോന്നുന്നു.
പക്ഷെ നടന്നു തീരുന്നില്ലല്ലോ.
-
// ശൂന്യതയുടെ കാവൽക്കാർ //
മനസ്സ്
അതിന്റെ ആവരണങ്ങൾ
ക്രമമില്ലാതെ പൊഴിച്ചു
കൊണ്ടിരിക്കുന്നു.
ഭൂതകാലം നിർവികരമാണ്.
ആകെയുള്ള ഓർമ്മ,
പകുത്തു വച്ച ശൂന്യത മാത്രം.
എന്നെ തിരഞ്ഞിട്ട് കാര്യമില്ല
ഇവിടെ ഭൂമി പരന്നതാണ്,
ഞാൻ വീണ്ടും നടന്നു
കഴിഞ്ഞിരിക്കുന്നു.
അവിടെ ഞാനുണ്ടാവില്ല,
എവിടെയും
ഓരോ തിരിവിലും, ഞാൻ
എന്നെ ഉപേക്ഷിച്ചു
കൊണ്ടിരിക്കുന്നു.
Caption•-
ഞങ്ങൾ
പ്രണയത്തിലായിരുന്നു,
ഞാൻ ഒഴിവാക്കാനാവാത്ത
ഏകാന്തതയിലും.
ചില രാത്രികളിൽ,
സ്ഫടികമണികൾ പോലെ
എന്റെ അസ്ഥികൾ
ഒടിയുന്ന ശബ്ദം
കേൾക്കാമായിരുന്നു.
അത്രയ്ക്ക് ശൂന്യമായിരുന്നു
നമ്മുടെ വീട്.
ദാഹിക്കുമ്പോൾ
പോലും ഒരിറുക്ക്
വെള്ളം കുടിക്കാതെ
അയാൾ അതിന്
കാവലിരുന്നു.-
കഥാന്ത്യത്തിൽ
നിന്നൊരാൾ
പുറകോട്ട് നടക്കുന്നു
ഓർമ്മകൾ,
എണ്ണിയാൽ തീരാത്ത
വേനൽ തിരകൾ.
എത്രമാത്രം പ്രിയപ്പെട്ടത്:
കണ്ണിൽ മുയൽകുഞ്ഞുങ്ങളെ
ഒളിപ്പിച്ച മനുഷ്യൻ,
അടുത്തിരിക്കാൻ പോലും
കാരണങ്ങൾ തേടുന്ന ഞാൻ.
ചിരിക്കുന്നില്ല
കണ്ണുകളിൽ നോക്കുന്നില്ല
എങ്കിലും തോരാതെ
കഥകൾ പെയ്തിറങ്ങുന്നു
കഥകൾ നഷ്ടമാവുന്നു
അവിടെ ഞാൻ
അവസാനിക്കുന്നു.
മറ്റൊരു ദിക്കിൽ ഇരുൾ
വീണിരിക്കാം.
-