ഇരുളുന്നുവീ ദിനമെങ്കിലും
മായുന്നുവെൻ നിഴലെങ്കിലും
നിന്നിലേക്കാണെന്റെ
പാതിമയക്കങ്ങൾ.
ഇന്നിതാ
നിന്റെ മുടിചുരുളുകളിൽ
നിലാവൊളിക്കുന്നു.
..................................
..................................
-
നാം രണ്ടു നിഴലടയാളങ്ങൾ
മാഞ്ഞു പോയ നിഴലനക്കങ്ങൾ
ഇത്
അന്തർധാരകൾ
തളം കെട്ടിയ രാത്രി
നിന്റെ നീല നയനങ്ങൾ
സ്വർഗ്ഗത്തിലെന്നപോൽ
നീയെന്റെ വേരുകളെ
ത്രസിപ്പിച്ചതും
ആഴങ്ങളിൽ നാം മറന്നതും
രണ്ടു മഴകളൊന്നായി
നമ്മിൽ കുതിർന്നതും
അധരങ്ങൾ അതിരെഴാതെ
ആത്മാവു തേടിയലഞ്ഞതും
വിരലുകൾ താഴ്‌വാരങ്ങളിൽ
കവിത കോറിയതും
അങ്ങനെ ഒന്നിച്ചൊരിരുട്ടിൽ
കറുത്തതും
ഒക്കെയും ഒരോർമയിൽ
സ്കലനം ചെയ്ത
നിരന്തര പ്രയാണങ്ങൾ
നിശ്വാസഗന്ധകപച്ചകൾ
ഉമിനീര് ചവച്ചിറക്കുന്ന
അല്പ്പന്റെ ഓർമ്മകൾ.
-
ഇനിയെന്റെ നോവിന്റെ
ശിഖരം മുറിക്കണം.
അതുകൊണ്ടൊരുകുഞ്ഞു പാഴ്‌വഞ്ചി
പണിയണം.
പകൽ കണ്ടു നിൽക്കെ ഇരുട്ട്മൂടണം.
പുഴ തൊട്ട് തീരുമ്പോ കുളിർക്കണം.
ദിശ തെറ്റി നീങ്ങുന്ന ഏകാന്തതയ്ക്കു
വഴി നീളെ ഞാൻ തന്നെ
പോതപ്ലാവൻ.
വഞ്ചിയിൽ
യാത്രയ്ക്ക് നിൽക്കുന്നവരെ...
പുഴയരികിൽ കാത്തു നിൽക്കു
ഇവിടെ ഏകാന്തതയ്ക്കും
മരണത്തണുപ്പാണ് !!
-
ഈയിടെ നിന്റെ ഓര്മകളെന്നിൽ
വല്ലാണ്ട് തികട്ടുന്നു...
രാത്രികൾ നിന്റെ നിശ്വാസങ്ങളുടെ പ്രകമ്പന വേദികളാകുന്നു.
നിന്റെ ഗന്ധം അരോചകമായി മാറുന്നു.
അക്ഷരങ്ങൾ ഒഴിഞ്ഞു മാറുന്നു.
നിലാവുകൾ കണ്മുന്നിൽ തൂങ്ങിമരിക്കുന്നു.
നക്ഷത്രങ്ങൾ കാഴ്ചയെ കൊല്ലുന്നു.
ഏത് നിമിഷവും മരണപ്പെടാമെന്ന
തിരിച്ചറിവിന്റെ മുനമ്പിൽ നിന്ന് കൊണ്ട്
ഞാൻ സ്വയം ആത്മഹത്യയ്‌ക്കൊരുങ്ങുന്നു.
-
ഏകാന്ത സന്ധ്യകൾ
ചാമരം വീശുന്ന
വിഷാദ മേഘങ്ങൾ
ഇരുണ്ടു പൂക്കുന്ന
ഗഗനത്തിനു കീഴിൽ
എന്തിനിന്നും പൂത്തു നീ? !!-
അവളുടെ ബാഹ്യമായ സൗന്ദര്യത്തിന്റെ
ആലസ്യത്തിലാണ്
അന്ന് ആദ്യമായി ഞാൻ അവൾക്കൊരു പ്രണയലേഖനമെഴുതുന്നത്.
പിന്നീടും പലപ്പോഴായി
ഞാൻ അവൾക്കായി എഴുതി.
അസ്ഥിയും മഞ്ജയും മാംസവും
കടന്ന്
അവളുടെ ഹൃദയ നൈർമല്യത്തെ
അറിയും വരെ.-
പ്രിയപ്പെട്ടവളേ....
നിന്നെ ഓർക്കുമ്പോൾ മാത്രം
കരട് കൊണ്ടെന്റെ
കണ്ണ് കലങ്ങുന്നു.-
നീയെൻ ഓർമകൾക്ക്
കൂട്ടിരിക്കവേ
നിശീഥം വിഴുങ്ങിയ ജീവിതത്തിലൊരു
നിലാവ് പെയ്തതോർക്കുന്നു ഞാൻ...-
നിന്നെ ഞാൻ ഓർക്കാൻ മറക്കുന്നു.
മറന്നു പോയെന്ന് ഓർത്തോർത്തെൻ്റെ
ദിനങ്ങൾ കടന്നുപോകുന്നു.!!
-