മരമാകാനായില്ലെങ്കിലും
മഴുവാകാതിരിയ്ക്കാം-
കുടമുല്ലച്ചിരിയിലെ കടങ്കഥകൾ
കടഞ്ഞെടുത്തു നൽകിയ പ്രിയനെ
കനവിലെ നിലാമഴയും മധുവും
കണ്മഷിയാക്കി നീയെന്നിൽ
കടലെടുത്തു കാലം പോയീടിലും
കാവ്യച്ചിരിയിലും നീയെൻ പ്രപഞ്ചം-
ഒരു കൂട്ടിലും
ഒതുങ്ങാത്തവളാവുക.
അല്ലെങ്കിൽ
സ്വാതന്ത്ര്യമെത്താത്ത
ഇരുളിടമായി
ജീവിതം മാറും.-
ചാരത്തിലെവിടെയോ
ഒളിഞ്ഞിരിക്കുന്ന
കനലിന്
അഴകേറെയാണ്
അഴലുചൂടിയ
മുല്ലപ്പൂക്കൾക്ക്
രാവിൽ ഗന്ധമേറും.......
അവസാനിക്കുന്നില്ലൊന്നും...
വീണ്ടും
കനൽപൊട്ടിലേയ്ക്ക്
ആവാഹിച്ച്
അഗ്നിശുദ്ധി വരുത്തി
ആരംഭിക്കണം.......
അതും ഒരു
അതിജീവനപുലരി തന്നെ........
-
മാറാലച്ചുവരുകളിൽ
പറ്റിപിടിച്ച ഓർമ്മപ്പൊട്ടുകൾ,
മയിൽപ്പീലിച്ചിരികൾ,
കുന്നിക്കുരുസ്വപ്നങ്ങൾ ,
ശലഭച്ചിറകടികൾ ,
അതാണവളുടെ
ഊർജ്ജവും........
കാലപകർച്ചകളിലെ
മഴവിളികളും ........
-
അവൾ
അടുക്കളയോളം
അടക്കം പഠിപ്പിച്ച
അതിർത്തിയിട്ട ഇടങ്ങളിലെ
അതിരുകൾ കശക്കിയെറിഞ്ഞ്
അഴകും അഴലും പാകപ്പെടുത്തി
അഗ്നിയെപ്പോലെ ഒരുങ്ങി വന്നവൾ
അവൾ .............
അസ്തമയങ്ങളെ കയ്യിലെടുത്ത്
അവസാനമിടിപ്പുകളെ പോലും
അതിജീവിച്ച് അഗ്നിയായവൾ
അവൾ
അക്ഷരത്തീയറിഞ്ഞ്
അറിവിനെ ആവനാഴിയാക്കി
അന്തസ്സോടെ പത്തി വിടർത്തിയോൾ
അഹമല്ലവൾ......
ആത്മചൈതന്യമായവൾ........
അവളാവട്ടെയവൾ-
അഴലുള്ളിടത്തും
അഴകുണ്ടെന്ന്
അകമേ ഉറപ്പിച്ചവർക്ക്
അതിരില്ലാ പ്രണയമാണ്........
ആയുസ്സ് വറ്റും വരെ
അകത്തെഴുത്തുകൾ
അനശ്വരവും.........
അവസാനമില്ലാത്ത
അഹം മിടിക്കാത്ത
അനിത്യതയുടെ ഗന്ധവും.........
-
നിലാത്തരിയെടുത്തു
തിരയിലെറിഞ്ഞപ്പോൾ
തിരികെയെന്തു നൽകുമെന്നു
തിര.......????
ഒന്നും വേണ്ടടോ !
സ്നേഹത്തരികളായവ
തീരത്തിനേകൂ....
തിരയൊളിപ്പിക്കും
മനസ്സിനവ
നിലാത്തരിയാവട്ടെ...........
-