'നീ' എഴുത്തുകൾ❤️
***
നിനക്കറിയുമോ, എനിക്ക് ഏറ്റവും പ്രിയപെട്ട പ്രണയകഥ
ഏതാണെന്ന്? സംശയം വേണ്ട, നമ്മുടേത് തന്നെ! കൂടിയ അത്ഭുതത്തോടെയാണ് ഒരോ ദിവസത്തിന്റെ അവസാനവും ഞാനത് എഴുതി നിർത്തുന്നത്... വായിച്ചു മടക്കുന്നതും...
കാത്തിരുപ്പിന്റെ വേദനയാണ് സ്നേഹമെന്ന് പഠിപ്പിച്ച 'മഞ്ഞി'ലെ വിമലയോടും, പ്രായത്തിന്റെ അതിരുകൾ കടന്ന്, പക്വമായ പ്രണയം നെയ്ത ദസ്തയേവ്സ്കിയുടെ അന്നയോടും, എന്റെ എഴുത്താണികൾ കടപ്പെട്ടിരിക്കണം... അല്ലെങ്കിൽ ഇതെന്താണ് മഷിയിറ്റുന്ന പേനത്തലപ്പുപോലും നിന്നെ പ്രണയിച്ചു തുടങ്ങിയതോ...! മതിവരാതെ കാമിക്കുന്ന ഉടലുകളെപ്പോലേ നിന്നെ എഴുതി കിതയ്ക്കുന്നുണ്ട് ഇന്നെന്റെ ഹൃദയം... ഏത് ആൾത്തിരക്കിലും ആരോരും അറിയാതെ നീ പിടിച്ചു വാങ്ങുന്ന ചുംബനം പോലേ, എന്നെ പരിഭ്രാന്തയാക്കിലും പുതുമയുള്ള എന്തോ ഒന്നുണ്ട് നിനക്കായുള്ള എന്റെ ഓരോ എഴുത്തിലും... കണ്ണുകൾ ഇറുക്കിപിടിച്ച് നിന്റെ അധരങ്ങളോട് കോർക്കുമ്പോൾ എന്റെ ശ്വാസകണങ്ങൾ ചുട്ടുപഴുത്ത മണൽത്തരികളാവുന്നതും, താടിക്കുഴിയിലെ വിയർപ്പുതുള്ളികൾ എത്തിനോക്കി നാണിക്കുന്നതും, നിന്റെ തുറന്നുവച്ച കണ്ണുകളിലെ ജ്വാലയിൽ ഉടലാകെ ഉരുകിയൊഴുകുന്നതും, പിന്നെ നിമിഷങ്ങൾക്കുള്ളിൽ മുഖത്തോട് മുഖമമർത്തി നമുക്ക് തമ്മിലറിയാതെ പിറക്കുന്ന ചെറു ചുംബനവും പോലേ ഇമ്പമുള്ള നോവിന്റെ നനവുകൾ...
എന്റെയീ 'നീ' എഴുത്തുകൾ!!
-