34. പറയുവാനേറെയുണ്ടാകണം
പറയുവാനേറെയുണ്ടെങ്കിൽ നീയിന്നു നിൻ
നിറമൗന പൊയ്മുഖം കീറിമാററൂ.
ചിറകാർന്ന വാക്കുകളർത്ഥവർണ്ണങ്ങളാ-
യുറവകൾ വറ്റാത്ത പ്രണയമാക്കൂ...
വിറപൂണ്ട ചൊടികളെൻ കവിളത്തു ചേർത്തു നി-
ന്നറയിലെ മുത്തം പകർന്നു നൽകൂ.
മുറതെറ്റിയെങ്കിലെന്തരുതെങ്കിലെന്തു നി-
ന്നുറവകൾ വറ്റാതെ കാത്തുകൊള്ളൂ...
പറയുവാനേറെയുണ്ടാകണം ഉള്ളിൽ, നാം
പറയാതെയറിയും വികാരമായി.
പറയേണ്ട, പോരുകെൻഭാവപ്രഞ്ചമാ-
യുറയുന്ന വെളിപാടു കവിതയായി...-
50. നീ,യകന്നു പോകല്ലെ....
പിണങ്ങി മാറി നീ,യെഴുത്തു വേണ്ടെന്നെൻ
കണക്കുതീർക്കല്ലെ, ചിരിക്കും താരമേ,
കുതിച്ചു വാശിയിൽ ചവിട്ടി,യൊക്കെയും
മെതിച്ചിടഞ്ഞു നീ,യകന്നു പോകല്ലെ.
കവിതതന്നിഴപിരിച്ചെടു.ത്തതിൽ -
കവിയുമർത്ഥങ്ങൾ രുചിച്ചറിഞ്ഞവൾ,
ധ്വനിക്കും ഹൃത്തുടി,പ്പലിഞ്ഞു തീരുമെൻ
പനിക്കു കാവലായ് വിരുന്നു വന്നവൾ...
കിഴക്കു നോക്കൂ, നിൻ ചിരിക്കതിർ, കണ്ടാൽ
അഴകിൻ പൂക്കൂട ചൊരിഞ്ഞതല്ലയോ...
വഴക്കിരു,ട്ടിതൾ പൊഴിച്ചടരുവാൻ,
മിഴിക്കിനാവരുൾമൊഴി പൊഴിക്കു നീ....-
47. സെൽഫി
അഴകിന്റെ ദീപ്താനുരാഗദൃശ്യം
മിഴിവെട്ടമേശാതൊളിച്ചു വച്ചാൽ
കഴിവെന്നഹങ്കരിക്കേണ്ടതില്ല
മുഴുവനും കാലം കവർന്നു പോകും.
അതുകൊണ്ടു സെൽഫിയെടുക്കു നിത്യം
പുതുമയും പുണ്യവും ചേർത്തൊരുക്കൂ.
അതു നവ്യഭാവനാകൗതുകത്തിൽ
ഋതുഭേദമായി പകർന്നു നൽകൂ.
എവിടെയും നിറവും നിറവുമായി
കവിയുന്നൊരീശ്വര ഭാവമുണ്ട്.
കവിതയും സെൽഫിയും ചേർന്നൊഴുക്കും
അവികലാനന്ദമാം സത്യമുണ്ട്.-
40. വയൽക്കാറ്റു കൊള്ളാം...
ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല,
തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല,
കലമ്പുന്ന കാമക്കിലുക്കങ്ങളല്ല,
പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല.
കരൾക്കാമ്പിലേതോ വിതപ്പാട്ടു മൂളി,
കരക്കാറ്റു തേടും തിരക്കോളുപോലെ
കരയ്ക്കെത്തുമോയെന്നു ശങ്കിച്ചു വാടി-
ത്തിരിഞ്ഞാലുമില്ലേ കിനാവിന്റെ നാളം.
വരൂ, നിന്റെ മാണിക്യവീണാവരങ്ങൾ
തരൂ സാന്ദ്രഭാവം പകർന്നാടി മീട്ടാം.
കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം...-
46, നമ്മൾ
ഞാനെഴുതു,ന്നെനിക്കു നീ,യുള്ളിലെ
വാനവില്ലൊളി, വർണവിസ്ഫോടനം.
നിന്നെ ലാളിച്ചു പാടിപ്പുകഴ്ത്തുവാന്‍
തന്നെയാണെന്‍റെ ജന്മവും ജീവനും.
കണ്ടുതമ്മില്‍ക്കുരുക്കാതകന്നവര്‍
മിണ്ടുവാന്‍ കാത്തു നില്‍ക്കാതെ പോയവര്‍.
രണ്ടു പാളം, ധ്രുവം, കടപ്പാടുകള്‍,
വിണ്ടു കീറുന്ന ബോധവും ബോധ്യവും.
നമ്മ,ളന്യോന്യമെന്തും പകുക്കുവാന്‍
സമ്മതം തേടി, പേടിച്ചിരിപ്പവർ.
സ്വന്തബന്ധക്കടം തിന്ന വാക്കുകള്‍,
അന്തമില്ലാത്ത മൗനവും ധ്യാനവും.-
35. കാലവും സ്വന്തമാക്കൂ...
തേടിവന്നെന്നാലിടഞ്ഞുമാറും
മാടിവിളിച്ചാലകന്നു പോകും
കൂടെയുണ്ടെന്നുമെന്നോർത്തൊരോർമ്മ-
ക്കൂടുപോലും തകർത്താഞ്ഞു വെട്ടും...
കാടു നീയീരേഴു വർഷമേകും
കൂടും പകയുടെ കൂത്തുമാടും
പാടും പടപ്പാട്ടിലാർദ്രമൂറി-
ക്കൂടുന്ന സ്നേഹവും തട്ടിമാറ്റും...
നേടുക, സൗഭാഗ്യ സ്വപ്നമെന്നും
മേടയും മേടും നിറഞ്ഞ വാഴ് വും
മോടിയും ധാടിയും കൂട്ടരുമൊ-
ത്താടുന്ന കാലവും സ്വന്തമാക്കൂ...-
31. ആനന്ദജ്യോതി
ഇവിടെ നാമെഴുതുന്ന വാക്കുകൾ കരളിലെ-
ക്കവിയുന്ന കയ്യൊപ്പു ചേർന്ന സത്യം.
വിടവാങ്ങി മാറേണ്ടൊരിക്കലും എന്നൊരാൾ
പടരുന്നു മഷിയായി മനസ്സിലാകെ..
കവിയുണ്ട്, കവിതയുണ്ടെപ്പോഴും ലോലമാം
കവിളത്തു തട്ടി തലോടലുണ്ട്,
വരികെന്നു വേണ്ട, വിളിക്കേണ്ട, വറ്റാത്ത
വരികളായരികിൽ ഞാനെന്നുമുണ്ട്...
പ്രണയമുണ്ടതു സത്യമതുമാത്രമുണ്മയെ-
ന്നണുതോറുമുണരുന്നൊരോർമ്മയുണ്ട്,
മരണം മണിത്താലി ചാർത്തിക്കഴിഞ്ഞാലു-
മണയാത്തൊരാനന്ദ ജ്യോതിയുണ്ട്...-
25. കണ്ടു...
കാറൊളി വർണ്ണം വസനം കണ്ടൂ
മാറിൽ നിലാമഴ വെണ്മകൾ കണ്ടൂ
തണുവണി മധുര സ്പർശം കണ്ടൂ
തണലും തളരും ചിരിയും കണ്ടൂ
തെന്നിയകന്നൊരു വിരഹം കണ്ടൂ
വന്നണയുന്നൊരു പ്രണയം കണ്ടൂ
ഒന്നാണെന്നൊരു മോഹം കണ്ടൂ
ഒന്നാവാനൊരു ദാഹം കണ്ടൂ
'കണ്ടില്ലാ', മിഴി നിറയണ കണ്ടൂ
പണ്ടേ പ്രണയപ്പനിയും കണ്ടൂ
ആണ്ടോടാണ്ടതു വളരണ കണ്ടൂ
ആണ്ടുകളങ്ങനെ പാറണ കണ്ടൂ...-
49. ഉള്ളിൽ നിറഞ്ഞു വാഴ്ക.
"മനുഷ്യാ"-ന്നെന്നെ വിളിക്കല്ലെ പെണ്ണേ,
മനുവതു കേട്ടാൽ കലിച്ചു തുള്ളും.
മൃഗമെന്നുമെന്നെ വിളിക്കല്ലെ പെണ്ണേ
മൃഗകുലമൊന്നിച്ചിളകിയെത്തും.
ഇവനെ വിളിക്കുവാനേതു വാക്ക്
'കവി'യെന്നു തന്നെ നിനച്ചു കൊൾക...
കവിയുന്ന രാഗത്തിരക്കു മൂളും
കവിതയായുള്ളിൽ നിറഞ്ഞു വാഴ്ക.
ഇരുളുന്ന രാവിൽ നിലാവുപോലെ
വരു,മെന്നു തമ്മിൽ പുണർന്നുറങ്ങാൻ
ഇരുവരുമേറെക്കരുതലോടെ
കരുതുന്നതൊക്കെയും പങ്കുവയ്ക്കാൻ.-
44. നീയിനി വിട്ടകന്നു പോകല്ലെടോ...
കാര്യമില്ലാത്ത കാര്യമാണെങ്കിലും
സൂര്യകാന്തി ഞാൻ, സൂര്യനാകുന്നു നീ...
ഇന്നു ഞാനൊന്നറിഞ്ഞതെൻ സത്യമാ,-
യെന്നുമെൻ കാവ്യപ്രാണത്തുടിപ്പു നീ
നീയണയുമ്പോളാർത്തു പാടുന്നു ഞാൻ
നീയകലുന്ന നേരം വിമൂകനും.
നീയൊരു നോക്കിൽ മിണ്ടാതെ, മിണ്ടുവോൾ
നീയിനി വിട്ടകന്നുപോകല്ലെടോ.
നീലവിണ്ണിൻ്റെ തീരാത്ത നോവുകൾ
നീലകണ്ഠനായ് ഞാനെന്നുമേറ്റിടാം.
നീർ തുളുമ്പുന്ന നീൾമിഴിപ്പൂവുകൾ
നീരവമെൻ്റെ വാക്കുകൊണ്ടൊപ്പിടാം.-