കൊള്ള
കൊള്ളി വാക്കിൻ മിന്നലേറ്റ്,
പൊള്ളിയൊരെൻ മനം
കളളി നീ വന്നിങ്ങു
കൊള്ളചെയ്തു...-
റിവേഴ്സ് ഗിയർ
ഓർമ്മ നിറച്ച് നിന്നിലേയ്ക്ക്
പായും എൻ പ്രണയ ശകടത്തിനില്ല...
-
പതിഞ്ഞവ
പറഞ്ഞിട്ടല്ല
പതിഞ്ഞിട്ടാണറിഞ്ഞത്
പതിഞ്ഞവയൊക്കെയും
പറഞ്ഞിട്ടില്ലിനിയും...-
അലിഞ്ഞു തീരാത്തവൾ
കാലക്കടൽ തിരയിൽ
പലതുമലിഞ്ഞു....
അലിയാതെയുണ്ടെൻ
ഉളളിൽ,
എന്നും ഉള്ളലിവുള്ളവൾ...-
അകലം
അലകടലിൻ തിരകൾ പോലെ
കരയിൽ വന്നലയ്ക്കും, ചിരിയ്ക്കും
അടുത്തില്ലവൾ.
ഒരു നേർത്ത വെൺതിര
ആ തിരമതി എനിക്കെന്നും,
അവിടെയില്ലാത്തതാണകലം...-
ദൂരം
ദൂരങ്ങളെല്ലാം താണ്ടി
നിന്നിലേയ്ക്കണഞ്ഞു.
ഇനി എന്നിലേയ്ക്കുള്ള ദൂരം വിദൂരം...
മടക്കമില്ലാ ദൂരം....
-
കൊഴിയുന്നുണ്ട് പിന്നെയും
പല കാലം, പല ചിന്തകൾ
പല സ്മരണകൾ...
അന്നും കൊഴിയാതെയുണ്ട്,
എല്ലാം എനിക്കായി കൊഴിച്ചവൾ...-
ബുള്ളറ്റ്
അന്ന് ,
ബുള്ളറ്റിൽപോണമെന്നാദ്യമായി,
കള്ളമില്ലാതവൾ ചൊല്ലിയപ്പോൾ...
കള്ളി നീ എന്നോട് ചേർന്നിരുന്ന്
ബുള്ളറ്റിലേറി കുതിച്ചു നമ്മൾ....
ഇന്ന്,
''ബുള്ളറ്റാ"യി ഓർമ നീ പാഞ്ഞു കീറി,
തുളളി പരന്നങ്ങ് കവിത ചോന്നു....
- സിദ്ദീഖ് സുബൈർ --
ജീവനാം വാക്കിൻ തിരപ്പരപ്പേ,
മൗനമായ് വറ്റിവരളുമോ നീ..
ഇല്ലില്ല, പാകമായുപ്പു ചേരും,
അന്നമായ് കവിതയായ് നാം പരക്കും...
സിദ്ദീഖ് സുബൈർ-
തിരുത്തലല്ല, വേണ്ടതോ
നിതാന്തതീവ്രജാഗ്രത.
കരുത്തരായി വാഴുവാൻ
പെരുത്തു നോവറിഞ്ഞിടാം.-