Rakesh Raghavan   (Rakesh Raghavan)
46 Followers · 55 Following

Joined 19 July 2017


Joined 19 July 2017
16 OCT 2017 AT 2:12

നോക്കൂ ഈ ജാലകം,
ഒരു വശം തടവറയും
മറുവശം സ്വാതന്ത്ര്യവും.
ചുമരുകളില്ലാത്തതിനാല്‍
ഏത് വശമെന്ന് കുന്തിച്ചിരിപ്പാണ്.


നോക്കൂ ഈ നദി,
ഒഴുകുന്നത് ദുഃഖമാണോ,
ഇനി സന്തോഷമോ?
മറുകരയിലേക്കെന്നോ വരച്ചിട്ട
തൂക്കുപാലം അഴുകുന്നു,
അക്കരെപ്പച്ചയെങ്കില്‍, ഇക്കരെ ?

നോക്കൂ, ആ മല?
എന്റെ വാക്കുകളെ തടയുന്നു,
മഴയായി പെയ്തു കുത്തിയൊലിച്ച്
ഒടുവില്‍ കടലിലേക്ക്,
കടല്‍ക്കരയിലൊരു പെണ്ണ്
ആര്‍ത്തു ചിരിച്ച്
പ്രണയത്തിരകളെണ്ണുന്നു.

©രാകേഷ് രാഘവന്‍

-


15 OCT 2017 AT 21:10

മഴനൂലുകള്‍ ഏച്ചുകെട്ടി
ഒരു ഊഞ്ഞാലുണ്ടാക്കണം.
പ്രണയിക്കപ്പെടാത്ത സ്വപ്നങ്ങളെ
മഴവില്ലിനറ്റം വരെ ഊഞ്ഞാലാട്ടും,
ഏഴു നിറങ്ങള്‍ക്കൊടുവില്‍
നിന്റെ പുഞ്ചിരി കാണാന്‍ മാത്രം.

-


13 OCT 2017 AT 14:05



അടിയൊഴുക്കുകള്‍
------------------------------

കാലം കോര്‍ത്തു വച്ച
അനര്‍ഘനിമിഷങ്ങളേ,
ചിരിക്കുന്നതിനിടയില്‍
ചിന്തയിലെ അടിയൊഴുക്കുകള്‍
എന്നെ നിശബ്ദമാക്കുന്നു

-


13 OCT 2017 AT 2:29

When you long for the truth to unmask,
The cloud covers the sun,
but when you crave, it rains.

-


13 OCT 2017 AT 2:28

മുറിഞ്ഞുപോയ
എന്റെ വാക്കുകളെ
തുന്നിക്കെട്ടി ഒരിക്കല്‍ക്കൂടി
ഞാന്‍ പറയട്ടെ;
ഈ ഊഷരഹൃത്തില്‍
പൂത്തുലഞ്ഞ ഗുല്‍മോഹര്‍ നീ.

-


13 OCT 2017 AT 2:27

നിന്റെ നിമ്നോന്നതങ്ങളില്‍
എന്റെ ചുടുനിശ്വാസം
വീണു പിടയുന്നതിനാല്‍
നമ്മുടെ പ്രണയം
അത്യുന്നതിയിലെത്തുന്നു.

-


13 OCT 2017 AT 2:26

നീ മറന്നുപോയത്
എന്റെ വീട്ടിലേക്കുള്ള വഴിയാണ്.
പൂത്ത ചെമ്പകങ്ങള്‍
അതിരായുള്ള ഇടവഴി;
നിന്റെ ഓരോ കാല്‍വെപ്പിലും
പൂക്കള്‍ പൊഴിച്ച്,
മുറിവേറ്റു പിടയുന്ന
എന്റെ മനസ്സിലേക്ക്
പരവതാനി വിരിക്കുന്നവര്‍.

-


11 OCT 2017 AT 2:01

പൂക്കള്‍

ഒരിക്കല്‍ ഈ വഴിയില്‍
പൂക്കളുണ്ടായിരുന്നത്രേ,
പ്രണയം തലക്കു പിടിച്ചവര്‍
കഴുത്തറുത്ത്,
ചിലര്‍ മുടിയിലും,
ചിലര്‍ ചെവിയിലും
മറ്റു ചിലര്‍ നെഞ്ചിലും വച്ചപ്പോള്‍
പൂക്കാലമൊഴിഞ്ഞു.

-


9 OCT 2017 AT 1:31

എന്റെ ആഗ്രഹങ്ങളെ അടക്കം ചെയ്ത ചുടലയിലേക്ക് നിന്നെ ഞാനൊരിക്കല്‍ കൊണ്ടുപോകും. കത്തിയെരിഞ്ഞുണ്ടായ ഭസ്മത്തില്‍ കുളിച്ച്, തീക്ഷ്ണ ഗന്ധത്തെ ആഞ്ഞു വലിച്ച്, കൈകളുയര്‍ത്തി ഉറഞ്ഞു തുള്ളിയ സ്ഥലത്തേക്ക്. നമ്മുടെ ശ്വാസങ്ങള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടി അടര്‍ന്നു വീണ ഗദ്ഗദങ്ങളും പെറുക്കി ആദ്യമായി അഭയം തേടിയ പരബ്രഹ്മത്തിലേക്ക്.

മനസ്സിഴഞ്ഞു പോയ കടലിലേക്ക് ആശ്വാസത്തിരയ്ക്കായ് യുഗങ്ങളോളം ഉറ്റു നോക്കി. ചിന്തകള്‍ പെറ്റു പെരുകി ചങ്ങലകളായി എന്റെ കൈകാലുകള്‍ ബന്ധിച്ചു. ഒടുവില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ നീ വാരിയിട്ട മൂന്നു പിടി മണ്ണ് വീണത് അടക്കാതിരുന്ന കണ്ണിലേക്ക്.

-


6 OCT 2017 AT 1:14

ഈ രാത്രിയില്‍ ഇലഞ്ഞി മണവും പേറി ഒരു ഗന്ധര്‍വനായി വന്ന് നിന്റെ പിന്‍കഴുത്തിലെ കറുത്ത മറുകില്‍ ചുണ്ടമര്‍ത്തണം. സര്‍വ്വവ്യാപിയായി, ആ മറുകിലെ മുന്തിരിത്തോപ്പില്‍ നിന്നും വീഞ്ഞ് കുടിച്ച് ഉന്മാദനൃത്തമാടണം. ഒടുവില്‍ മദോന്മത്തനായി നിന്റെ മുടിയിഴകളിലെ പൂക്കള്‍ക്ക് എന്റെ കണ്ണുകളെ ദാനം ചെയ്യും അപ്പോള്‍ നീ എന്റെ പ്രകൃതിയാവുക. പ്രകൃതിയിലേക്ക് മടങ്ങി, എനിക്ക് എന്നെ കണ്ടെത്തണം.

-


Fetching Rakesh Raghavan Quotes