കണ്ണിൽ ചൂടും,നെഞ്ചിലൊരു കല്ലും കയറ്റിവെച്ചായിരുന്നു അന്ന് ആ കടൽതീരത്ത് അവൾ എത്തിയത്.സ്വതവേ കടല് കണ്ടാൽ മയങ്ങി വീഴുന്ന കുട്ടി അന്ന് തിര എണ്ണാൻ തിടുക്കം കൂട്ടിയിരുന്നില്ല.അകവും,പുറവും ചുട്ടുപൊള്ളുമ്പോഴും അവൾ ചിരിച്ചു.അതറിഞ്ഞു കൊണ്ടാവണം വിഷാദം മണക്കുന്ന കാറ്റിൽ അവളെ ചേർത്തു നിർത്തി അയാൾ ഒരു പ്രാർത്ഥന ചൊല്ലിയത്.
പ്രപഞ്ചം നിശ്ചലമാകും വിധം,അവളുടെ വരണ്ട ചുണ്ടുകളിൽ ഒരു ദീർഘചുംബനം.കടൽ ഇരമ്പുന്നതല്ലാതെ മറ്റൊന്നും അവൾക്ക് അനുഭവപ്പെട്ടില്ല.അവളുടെ വിശ്വാസങ്ങൾക്ക് ക്ഷതമേറ്റിരിക്കുന്നു.കടലിനോളം ഭംഗിയുള്ളതൊന്നുമില്ലെന്ന തോന്നൽ, അത് തെറ്റിയിരിക്കുന്നു.
അവന്റെ തീക്ഷ്ണമായ ആ നോട്ടം, അതിൽ
അവളൊരു ഒറ്റനക്ഷത്രം കണ്ടു.
അവളുടെ മാത്രം ഒറ്റനക്ഷത്രത്തെ.
വിറക്കുന്ന അവളുടെ ചുണ്ടുകളെ,
ചുവന്ന വലിയ കവിൽതടങ്ങളെ
തുരുതുരെ ചുംബിച്ചു കൊണ്ട് അയാൾ മന്ത്രിച്ചു.
"നീയാകുന്ന ഈ സ്നേഹകടലിനെ
എന്നെന്നും പുൽകുന്ന
കരയായി മാറീടും ഞാൻ,
നിന്റെ മാത്രമാകും ഞാൻ".
-