-
ചിലപ്പോൾ ഈ മൗനം
സമ്മതമാണ്,
മറ്റു ചിലപ്പോൾ
നിഷേധാർഥവും,
ഇപ്പോൾ ഇത്
പ്രതിഷേധമാണ്,
ശരികൾക്ക്
നീതിയും നിയമവും
മരിച്ച നാട്ടിൽ, ഇനി
ഇതിനെക്കാളേറെ
പ്രതിഷേധിക്കാനാവില്ല.!-
അന്നം
---------
നൂലുകളാ കൈകളിൽ ഭദ്രം,
ഉയരങ്ങളിലേക്കുയരുമോ.!
ഹേയ്, ഊതീവീർപ്പിച്ചതാ..
ചുവപ്പ് തെളിഞ്ഞു-
തന്നെ പ്രതീക്ഷയോടെ
വാഹനങ്ങൾക്കിടയിലേക്ക്..
കരുണ വറ്റിയ മുഖങ്ങളേ.!!
മുട്ടിയ ചില്ലുകളൊന്നും
താഴ്ന്നു കൊടുത്തില്ല,
പെട്ടെന്ന് ക്യാമറ മിന്നിച്ചു,
പത്രത്തിനു നാളെക്കുള്ളതായി.
ആ മുഖത്ത് ഭയം നിഴലിച്ചുവോ.!!
ഇവിടം കുഞ്ഞോള്
വേലയെടുക്കരുതല്ലോ.!
അവൾ ഓടി മറഞ്ഞു.
എനിക്കുള്ള പച്ച തെളിഞ്ഞു..
-
*ചിരവ*
അടുക്കളയിൽ നിന്ന്
പല്ലിറുക്കി കാണിക്കുന്ന
ഉപകരണമുണ്ടായിരുന്നു.
ഉപദ്രവകാരിയായി
തോന്നുമെന്നാകിലും
നാളികേരത്തെ മാത്രം
കാർന്നു തിന്നുന്ന
ആ പല്ലിന്
വിചാരിക്കുന്നതിനുപ്പുറമുള്ള
വിഷമുണ്ടായിരുന്നില്ല
എന്നിരുന്നാലും
വിഷമ സ്ഥിതികളിൽ
നിന്നെ ചിരവിയെടുക്കുന്ന
ഒരു മനസ്സുണ്ടായിരുന്നു
വിശപ്പുകൾ ശമിപ്പിക്കുന്ന
അടുക്കളയുടെ നല്ല മനസ്സ്..
-
*ഭൂമിയുടെ ആകാശ ഭംഗികൾ*
ഭൂമിയുടെ മോഹങ്ങൾ
ആകാശത്തെ ചുബിക്കുന്ന
നേരങ്ങളെ സ്വപ്നമെന്ന്
പറഞ്ഞു നടന്നിരുന്ന
കാലത്രയങ്ങളുണ്ടാവണം
നിനക്ക് ചുറ്റിലും..
പിച്ചി ചീന്തിയ
ഭൂമിയെന്ന വേശ്യയെ നോക്കി
കണ്ണീർ പൊഴിക്കുന്ന
ആകാശത്തിലെ കാവൽക്കാരെ
നീ കണ്ടിരിക്കണം.
ചെയ്യുന്നതൊക്കെയും
സാക്ഷിയായി നിലകൊണ്ടിടും
ആകാശത്തിന്റെ ത്രിക്കണ്ണും
നിന്റെ ഓർമ്മയിൽ ഉണ്ടാവേണം..
-
*ഒടുക്കത്തെ ചമയം*
അടുക്കി വെച്ചതൊക്കെയും
മടക്കി വെച്ചിരുന്ന
അപൂർണതകളായിരുന്നു.
ചിത്രത്തിൽ നിന്നും
ചേലേറി വന്നതൊക്കെയും
ചിത്തങ്ങളിൽ കോർത്ത്
ജന്മങ്ങൾ മുഴുക്കെ
എന്നെ ചുറ്റി നോക്കിയിരുന്നത്
എവിടെ ചെന്ന് അവസാനിക്കും
എന്ന് കരുതിയിട്ടാവണം-
അന്നുമിന്നുമെന്നും ഞാനറിയാതെന്നി-
ലുണരുന്നൊരു പുഞ്ചിരിയിലലിയുന്ന
ഒന്നാണെൻ ദേഷ്യം..-
*ശിരോവസ്ത്രം*
വിശുദ്ധിയായിരുന്നു
പരിശുദ്ധ അടയാളമായിരുന്നു.
ബഹുമാനിക്കപ്പെടേണ്ട ,
ഭക്തി തുളുമ്പി നിൽക്കേണ്ട ,
ജീവിത കാഴ്ചപ്പാടുകളുടെ
ഒരു സത്യം അതിനുണ്ട്.
പരിഹസിക്കപ്പെടാതെ
പരിതാപപ്പെടാതെ
നിനക്ക് മുൻപിൽ
നില നിൽക്കേണ്ട
സംസ്കാരം അതിനുണ്ട്..-
*ശലഭം*
പുഴുവരിക്കുവാൻ
നിന്നിരുന്നില്ല
പുഴുവായി ജന്മം കൊണ്ട്
പുലിവാലുപിടിച്ച
അഴകുകളുണ്ടായിരുന്നു.
മാറ്റത്തിന് വേണ്ടി
ചിത്രങ്ങളിലെ നിറങ്ങൾ
വറ്റാത്ത
വർണ്ണ ഭാവനകളായി
പരിണാമം ചെയ്യുവാൻ
ശലഭമേ നിന്റെ അഴകുകൾ
ആരുടെയോ ശാപം ആയിരുന്നു.
-